ന്യൂഡൽഹി: പുക മലിനീകരണ നിയന്ത്രണത്തിനുള്ള ബി.എസ്-6 നിബന്ധനകൾ നടപ്പാക്കുന്നതോടെ അടുത്തവർഷം ഏപ്രിൽ മുതൽ ടയോട്ട ഡീസൽ കാറുകളുടെ വിലയിൽ 15 മുതൽ 20 ശതമാനം വരെ വർധനയുണ്ടാകുമെന്ന് ടയോട്ട കിർലോസ്കർ മോട്ടോർ (ടി.കെ.എം) ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ എൻ. രാജ അറിയിച്ചു.
വാഹന വിപണിയിൽ വളർച്ച തിരിച്ചുപിടിക്കാൻ ജി.എസ്.ടി നിരക്ക് കുറക്കുന്നതുൾപ്പെടെയുള്ള ദീർഘകാലാടിസ്ഥാനത്തിലുള്ള ഘടനപരമായ പരിഹാരങ്ങൾ ആവശ്യമാണ്. ബി.എസ്-4ൽ നിന്ന് ബി.എസ്-6 ലേക്ക് മാറുന്നതോടെ ഡീസൽ കാറുകളുടെ വില വർധിപ്പിക്കേണ്ടി വരും.
ഇതിന് പുറമെ, പ്രതികൂലമായ വിനിമയ നിരക്ക് കാരണം, ഇപ്പോൾ മാറ്റിവെച്ചിരിക്കുന്ന വിലവർധനയെക്കുറിച്ച് പുനരാലോചിക്കാൻ കമ്പനി നിർബന്ധിതമായിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്നോവയും ഫോർച്യുണറുമടക്കം ടയോട്ടയുടെ ജനപ്രിയ മോഡൽ വാഹനങ്ങളിൽ ഡീസൽ മോഡലിനാണ് വിൽപന കൂടുതൽ. ഈ വർഷം ജനുവരി മുതൽ ജൂലൈ വരെയുള്ള കമ്പനിയുടെ വാഹന വിൽപനയുടെ അടിസ്ഥാനത്തിൽ ഡീസൽ-പെട്രോൾ മോഡലുകളുടെ വിൽപനയുടെ അനുപാതം 82-18 ആണ്. അതേസമയം യാത്രാകാറുകളുടെ വിഭാഗത്തിൽ ഈ അനുപാതം 50-50 ആണ്.
വിപണിയിലെ മാന്ദ്യത്തിനിടയിലും നിർമാതാക്കളും വിൽപനക്കാരും ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് മികച്ച ഓഫർ നൽകി പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് രാജ പറഞ്ഞു.
വിവിധ മേഖലകളിലെ ഉത്സവകാലം, ഉൽപന്നത്തിെൻറ ആയുസ്സ്, കാലാവസ്ഥ തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് വിലക്കിഴിവുകൾ പ്രഖ്യാപിക്കുന്നത്. എന്നാൽ, ഇവയെല്ലാം താൽക്കാലിക നടപടികൾ മാത്രമാണ്. സ്ഥിരമായ പരിഹാരമാണ് ഇപ്പോൾ ആവശ്യമെന്ന് രാജ പറഞ്ഞു.
വാഹന വിപണയിലെ മാന്ദ്യം മറികടക്കാൻ ജി.എസ്.ടി നിരക്ക് 28ൽ നിന്ന് 18 ശതമാനമായി കുറക്കണമെന്നാണ് വാഹന നിർമാതാക്കളുടെ ആവശ്യം. ഈ മാസം 20ന് ഗോവയിലാണ് ജി.എസ്.ടി കൗൺസിലിെൻറ അടുത്ത യോഗം. ജപ്പാൻ കമ്പനിയായ ടയോട്ട ഇന്ത്യയിൽ കിർലോസ്കർ ഗ്രൂപ്പുമായി ചേർന്ന് ടയോട്ട കിർലോസ്കർ മോട്ടോർ (ടി.കെ.എം) എന്നപേരിലാണ് ടയോട്ട വാഹനങ്ങളുടെ നിർമാണവും വിൽപനയും നടത്തുന്നത്. രാജ്യത്തെ നാലാമത്തെ വലിയ കാർ നിർമാതാക്കളാണ് ടി.കെ.എം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.